സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന് മികച്ച നേട്ടം
1560168
Saturday, May 17, 2025 12:17 AM IST
നെടുങ്കണ്ടം: സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന് മികച്ച നേട്ടം. സംസ്ഥാന സർക്കാരിന്റെ ലോവര്‍, അപ്പര്‍ പ്രൈമറി സ്കൂള്‍ സ്കോളര്‍ഷിപ്പ് പരീക്ഷകളിലാണ് സ്കൂള്‍ നേട്ടം കൈവരിച്ചത്. യുഎസ്എസ് പരീക്ഷ എഴുതിയ 13 കുട്ടികളില്‍ 11 പേരും വിജയിച്ചു. ഇവരില്‍ എം.ബി. മിലിരേപ 83 മാര്‍ക്കും പുജാലക്ഷ്മി പ്രസാദ് 82 മാര്‍ക്കും നേടി സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
ഇവര്‍ സംസ്ഥാനതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ ഗിഫ്റ്റഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്‍എസ്എസ് പരീക്ഷയെഴുതിയ 14 കുട്ടികളില്‍ എട്ടുപേര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. വര്‍ഷങ്ങളായി നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂള്‍ നടത്തിവരുന്ന അക്കാദമിക മികവിന് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് സ്കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ കലാ-കായിക-പ്രവൃത്തിപരിചയ മേഖലകളില്‍ സബ്ജില്ല, ജില്ലാ തലങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നെടുങ്കണ്ടം സബ് ജില്ലയില്‍ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം ഉള്ള ഏക സ്കൂളാണ് ഇത്. സോഷ്യല്‍ സര്‍വീസ് സ്കീമില്‍ ഉള്‍പ്പെട്ട കേഡറ്റുകള്‍ക്ക് പത്താം ക്ലാസില്‍ ഉയര്‍ന്ന ഗ്രേസ് മാര്‍ക്കും ലഭിക്കുന്നുണ്ട്. 2024 - 25 വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 30 കുട്ടികളും ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ടെന്ന് സ്കൂള്‍ എസ്എംസി ചെയര്‍പേഴ്സണ്‍ കവിതാ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ധനേഷ് കുമാര്‍, അംഗങ്ങളായ ഗ്രീഷ്മ ഹണി, സലീന, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് എം.എസ്. മഹേശ്വരന്, ഹെഡ്മാസ്റ്റര് സിബി പോള്‍ എന്നിവര്‍ അറിയിച്ചു.