എഇഒ ഓഫീസിന്റെ സീലിംഗ് തകർന്നു; അപകടം ഒഴിവായി
1560167
Saturday, May 17, 2025 12:17 AM IST
അറക്കുളം: എഇഒ ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. അറക്കുളം പന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ സീലിംഗാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പൊളിഞ്ഞു വീണത്. എഇഒ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. ജീവനക്കാർ ഓഫീസിൽ ഇരിക്കുന്പോഴായിരുന്നു അപകടം. രണ്ടു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് പിടിപ്പിച്ച സീലിംഗാണ് വലിയ ശബ്ദത്തോടെ പൊളിഞ്ഞു വീണത്.
സീലിംഗിന്റെ ഫിറ്റിംഗിലെ തകരാറാണ് പൊളിഞ്ഞു വീഴാൻ കാരണം. ശബ്ദം കേട്ട് എഇഒയും ജീവനക്കാരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. ഓഫീസ് ഉപകരണങ്ങൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊളിഞ്ഞു വീണ സീലിംഗ് മാറ്റിയാൽ മാത്രമേ ഓഫീസിൽ ജോലി ചെയ്യാൻ സാധിക്കുവെന്ന് എഇഒ ആഷിമോൾ കുര്യാച്ചൻ പറഞ്ഞു.