അഞ്ചുരുളി മുനമ്പ് എക്കോ ടൂറിസം ആരംഭിച്ചു
1549977
Thursday, May 15, 2025 11:36 PM IST
കട്ടപ്പന: സഞ്ചാരികളുടെ കാണാമറയത്തുനിന്നിരുന്ന പ്രകൃതി ഭംഗിയുടെ ശേഖരത്തിലേക്ക് കവാടം തുറന്നു. അഞ്ചുരുളി മുനമ്പ് ഇനി സഞ്ചാരികൾക്ക് തൊട്ടറിഞ്ഞ് ആസ്വദിക്കാം.
പരീക്ഷണാടിസ്ഥാനത്തിൽ വനം വകുപ്പ് ഇക്കോ ടൂറിസം നടപ്പിലാക്കിയതോടെയാണ് അഞ്ചുരുളി മുനമ്പിൽ സഞ്ചാരികൾക്ക് സന്ദർശനം അനുവദിച്ചത്. കാനന പാതയും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പും ചരിത്രം വിളിച്ചോതുന്ന വീരകല്ലുകളുടെ അവശേഷിപ്പുകളുമാണ് സഞ്ചരികളെ കാത്തിരിക്കുന്നത്.
അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് മുനമ്പ്. കട്ടപ്പന കാഞ്ചിയാർ പള്ളിക്കവലയിൽനിന്ന് പേഴുംകണ്ടം റോഡിൽക്കൂടി ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ തേക്കിൻ കൂപ്പിലെത്തും. അവിടെയാണ് മുനമ്പിലേക്കുള്ള പ്രവേശന കവാടം. പിന്നീട് സഞ്ചാരികളെ ആദ്യം ആകർഷിക്കുന്നത് കാനന പാതയാണ്.
കാനന പാതകൾ താണ്ടി എത്തുന്നത് പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകളുടെ കലവറയിലേക്കാണ്. പച്ചപ്പു വിരിച്ച് നീണ്ടുകിടക്കുന്ന മുനമ്പിന്റെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വിശാലമായ അഞ്ചുരുളി ജലാശയത്തിന്റെ കാഴ്ചകൾക്കൊപ്പം പൂർവികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തതിന്റെ അടയാളങ്ങൾ എന്ന് വിശ്വസിക്കുന്ന വീരക്കല്ലുകളുടെയും മുനിയറകളുടെ പോലെയുള്ള കല്ലുകളുടെയും ശേഷിപ്പുകൾ കാണാം. കൂടാതെ നിരവധി നന്നങ്ങാടികളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അഞ്ചുരുളി തുരങ്കത്തിൽനിന്നുള്ള വെള്ളച്ചാട്ടവും ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും കരടിയള്ള് എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.
മേഖലയിൽ നിരവധിയാളുകൾ എത്തുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ വനം വകുപ്പ് ഇവിടെക്കുള്ള സന്ദർശനം വിലക്കിയിരുന്നു. സഞ്ചാരികളുടെ ബാഹുല്യം കൂടിയതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 10 പേരടങ്ങുന്ന എസ്എച്ച്ജി രൂപീകരിച്ച് ഭരണസമിതിയെയും തെരഞ്ഞെടുത്തു.
ഈ ഭരണസമിതിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുനമ്പ് കാണാനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ നാല് വനം വകുപ്പ് ഗൈഡുമാർ ഉൾപ്പെടെയുള്ളവരെയും നിയോഗിച്ചിട്ടുണ്ട്. നിർദേശങ്ങൾ ഉൾപ്പെടെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് നൽകും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ആളുകൾക്ക് തുരുത്തിലേക്ക് സന്ദർശനം അനുവദിച്ചട്ടുള്ളത്. ഒരാൾക്ക് 40 രൂപ ഈടാക്കാനാണ് തീരുമാനം.