റവ.ഡോ. ജോർജ് താനത്തുപറന്പിൽ ഇനി കലയന്താനിയുടെ ശുശ്രൂഷാപദവിയിലേക്ക്
1560162
Saturday, May 17, 2025 12:17 AM IST
മുതലക്കോടം: തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിക്ക് ആത്മീയ ഉണർവേകിയ റവ. ഡോ. ജോർജ് താനത്തുപറന്പിൽ പുതിയ ശുശ്രൂഷാമേഖലയിലേക്ക്. കലയന്താനി സെന്റ് മേരീസ് ഇടവകയിലേക്കാണ് അദ്ദേഹം സ്ഥലംമാറുന്നത്. 2020-ൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണ് മുതലക്കോടം ഇടവകയിൽ അച്ചൻ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇടവകയുടെ ആത്മീയ-ഭൗതിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ ശേഷമാണ് ഇവിടെനിന്നു സ്ഥലംമാറുന്നത്. മുതലക്കോടം സെന്റ് ജോർജ് യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എസ്എച്ച് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെയും സെന്റ് ജോർജ് സ്റ്റേഡിയത്തിന്റെയും അടിസ്ഥാന സൗകര്യവികസനത്തിന് അച്ചൻ പ്രത്യേക ഉൗന്നൽ നൽകി.
തീർഥാടന കേന്ദ്രത്തിന്റെ മുൻഭാഗത്തെ പൊതുറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പള്ളിവക സ്ഥലത്തിന്റെ തെക്കുവശത്തുകൂടി എട്ടുമീറ്റർ വീതിയിൽ പുതിയ റോഡ് നിർമിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചു. മുതലക്കോടം എന്ന പേരുണ്ടാകാൻ ഇടയാക്കിയ രാജ ഭരണ കാലത്തെ പണ്ടകശാല സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ സ്മാരകമായി പാണ്ട്യാല കോംപ്ലക്സും പൂർത്തിയാക്കി.
കണ്ഫഷൻ സെന്റർ, പ്രിസ്ബിറ്ററി അനക്സ്, സീയോൻ ഹാൾ എന്നിവയും അച്ചന്റെ ശ്രമഫലമായി പൂർത്തിയാക്കാനായി. ദേവാലയത്തിലെയും ഓഡിറ്റോറിയത്തിലെയും ശബ്ദ ക്രമീകരണത്തിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി. പരിസ്ഥിതി സംരക്ഷണം, കാർഷിക മേഖലയുടെ വളർച്ച എന്നിവ ലക്ഷ്യമിട്ടും വിവിധ പദ്ധതികൾ നടപ്പാക്കി. പള്ളിയുടെ ഉടമസ്ഥതയിൽ രണ്ടു ദശാബ്ദമായി തരിശായി കിടന്ന മൂന്നേക്കർ പുരയിടത്തിൽ അൻപതോളം ഇനത്തിൽപ്പെട്ട രണ്ടായിരം ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന ഗ്രീൻ വാലി ആഗ്രോ ഫാം ഇതിന് ഉദാഹരണമാണ്. മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്ന ഫാംസ്കൂളിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്.
ഇടവകയിലെ 130 വീടുകളിൽ സാനിറ്റേഷൻ, വൈദ്യുതി കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതിനും മുന്നിട്ടുപ്രവർത്തിച്ചു. തിരുനാൾ ചെലവുകൾചുരുക്കി മിച്ചംവച്ച പത്തുലക്ഷം രൂപ ഭവന രഹിതർക്ക് വീടു നിർമിക്കുന്നതിനു മാറ്റിവയ്ക്കാനും ഇദ്ദേഹത്തിനായി. ഇദ്ദേഹത്തോടൊപ്പം സഹ വികാരിമാരായി സേവനം അനുഷ്ഠിച്ച ഫാ. സിറിയക് മഞ്ഞക്കടന്പിൽ, ഫാ. വർഗീസ് കണ്ണാടൻ, ഫാ. ആൽബിൻ കരിമാക്കിൽ എന്നിവരും ഇവിടെനിന്നു സ്ഥലം മാറുകയാണ്. ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ വൈദികർക്ക് ഇന്നലെ യാത്രയയപ്പും നൽകി.