ആരോഗ്യമുള്ള കുടുംബങ്ങൾക്കായി വിഷരഹിത പച്ചക്കറികളുമായി ഇന്‍ഫാം മഹിളാസമാജ്
1560159
Saturday, May 17, 2025 12:17 AM IST
പാറത്തോട്: വ്യാവസായികാടിസ്ഥാനത്തിലുള്ള പച്ചക്കറി ഉത്പാദനം എന്നതിലുപരി വിഷരഹിത പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലൂടെ ഉത്പാദിപ്പിച്ച് വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുകയാണ് ഇന്‍ഫാം മഹിളാസമാജിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല മഹിളാസമാജ് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിനെ പുഷ്ടിപ്പെടുത്തുക, ഗുണമേന്മയുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക, കുടുംബത്തിന്റെ വരുമാനവും ആരോഗ്യവും വര്‍ധിപ്പിക്കുക, വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ അടുക്കളയിലും അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിക്കേണ്ടവരാണ് മഹിളാസമാജ് അംഗങ്ങളെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന് പട്രകാലായില്‍, ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ്, ദേശീയ എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ പി.എം. അലക്സാണ്ടര്‍, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍, പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍, ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍, മോളി മാത്യു വെട്ടിക്കല്‍, വിവിധ താലൂക്കുകളെ പ്രതിനിധീകരിച്ച് റാണിമോള് ജോര്‍ജ് മുള്ളന്‍കുഴിയില്‍, ജിസ്മി പുളിക്കക്കുന്നേല്‍, ആന്‍സി ജോസ് ഒഴുകയില്‍, ആലീസ് കുന്നത്തുപതിയില്‍, റോഷ്ന, സീമ തോമസ് കുന്നത്ത്, ഗ്രേസി എബ്രഹാം താന്നിക്കപ്പാറ, ഷാന്റി മാത്യു തൈപ്പറമ്പില്‍, എത്സമ്മ റ്റോമി പുലിക്കുഴിയില്‍, ജയമ്മ ജോസഫ് വളയത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഇന്‍ഫാം മഹിളാസമാജിന്റെ ഭാരവാഹികളായി സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്-ചെയര്‍പേഴ്സണ്‍, പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍-സെക്രട്ടറി, ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഇന്‍ഫാം മഹിളാസമാജിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളും ഡോളോമൈറ്റും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ നെല്ലി, നാരകം, മുരിങ്ങ, കറിവേപ്പ്, കോവല്‍ എന്നിവയുടെ തൈകളായിരിക്കും വിതരണം ചെയ്യുന്നത്. അടുത്തവര്‍ഷത്തെ വനിതാ ദിനാചരണത്തില്‍ മികച്ച അടുക്കളത്തോട്ടത്തിന് കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ ഇന്‍ഫാം മഹിളാരത്ന അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഒരു പവന്, മുക്കാല്‍ പവന്, അര പവന്, കാല് പവന് സ്വര്‍ണം വീതമാണ് സമ്മാനമായി നല്‍കുന്നത്.