വഴിത്തല സഹകരണ ബാങ്ക് ശതാബ്ദി സമാപനം നാളെ
1549981
Thursday, May 15, 2025 11:36 PM IST
തൊടുപുഴ: നൂറു വർഷം പൂർത്തിയാക്കിയ വഴിത്തല സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കുമെന്ന് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിന്റെ നേതൃത്വത്തിൽ ലയണ്സ് ക്ലബിന്റെ സഹകരണത്തോടെ നിർമിച്ചു നൽകുന്ന ആറാമത്തെ സ്വപ്ന ഭവനത്തിന്റെ താക്കോൽദാനവും ഇതോടൊപ്പം നടക്കും. വൈകുന്നേരം നാലിന് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സ്വപ്ന ഭവനത്തിന്റെ താക്കോൽദാനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപിയും വെബ്സൈറ്റ് ഉദ്ഘാടനം കെ. ഫ്രാൻസീസ് ജോർജ് എംപിയും നിർവഹിക്കും.
മുൻ ഭരണസമിതി അംഗങ്ങളെ മോൻസ് ജോസഫ് എംഎൽഎ ആദരിക്കും. ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎയും ശതാബ്ദി സ്മരണിക പ്രകാശനം മുൻ എംഎൽഎ പി.സി. ജോസഫും നിർവഹിക്കും.
ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. ജേക്കബ്, എ.കെ. ഭാസ്കരൻ, പഞ്ചായത്തംഗം ടിസി ജോബ്, ഫാ. മാത്യു കോണിക്കൽ, എം.പി. സ്റ്റീഫൻ, ജോസ് ചേലക്കൽ, തോമസ് പയറ്റനാൽ, ജോസ് നാക്കുഴിക്കാട്ട്, സോമി ജോസഫ് എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തെ തുടർന്ന് പിന്നണി ഗായകൻ കൊല്ലം അഭിജിത് നയിക്കുന്ന മെഗാ ഷോയും നടക്കും. 2025-സെപ്റ്റംബർ 25നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സോമി വട്ടയ്ക്കാട്ട്, അഡ്വ. റെനീഷ് മാത്യു, ടോമിച്ചൻ മുണ്ടുപാലം, സാന്റി ജോസഫ്, റോസിലി ബിനോയ്, മിനിമോൾ വിജയൻ, റെജി സണ്ണി, ജോഷി ജോസഫ്, സെക്രട്ടറി റെജി എൻ. എബ്രഹാം എന്നിവരും പങ്കെടുത്തു.