പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സ്കൂള്‍ വിപണികൾ സജീവമായി
1560164
Saturday, May 17, 2025 12:17 AM IST
അടിമാലി: പുതിയ അധ്യയന വര്‍ഷമാരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതിയ കലാലയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളാരംഭിച്ചതോടെ സ്കൂള്‍ വിപണിയും സജീവമായി. കുടകള്‍, ബാഗുകള്‍, മഴക്കോട്ടുകള്, നോട്ടുബുക്കുകള്‍, മറ്റ് പഠനോപകരണങ്ങളൊക്കെയും വിപണിയിലെത്തിക്കഴിഞ്ഞു.
കുടകളിലും ബാഗുകളിലുമാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ഇത്തവണയും നിര്‍മാതാക്കള്‍ വ്യത്യസ്തത പരീക്ഷിച്ചിട്ടുള്ളത്. നോട്ടു ബുക്കുകള്ക്കടക്കം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ കാര്യമായ വില വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വസ്ത്ര വ്യാപാര ശാലകളിലും ചെരുപ്പു കടകളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തയ്യല്‍ക്കടകളും സജീവമാണ്. വരുന്ന മൂന്ന്, നാല് ആഴ്ചകളോളം സ്കൂള്‍ വിപണിയിലെ തിരക്ക് തുടര്‍ന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഒരു കുട്ടിക്ക് വേണ്ടുന്ന പഠനോപകരണങ്ങളത്രയും കിറ്റാക്കി നിശ്ചിത വിലയ്ക്ക് വില്‍പ്പന നടത്തുന്ന രീതിയും ഇത്തവണത്തെ സ്കൂള്‍ വിപണിയില്‍ ട്രെൻഡായി മാറിയിട്ടുണ്ട്.