നിരണം ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പാസായി, യുഡിഎഫ് ഭരണസമിതി പുറത്ത്
1549825
Thursday, May 15, 2025 3:58 AM IST
തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റായിരുന്ന കോൺഗ്രസിലെ അലക്സ് പുത്തൂപ്പള്ളിക്കെതിരേ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ കെ.പി. പുന്നൂസ് പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. 13 അംഗ പഞ്ചായത്ത് സമിതിയിൽ ഏഴംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചു.
കെ.പി. പുന്നൂസിനെ കൂടാതെ സ്വതന്ത്ര അംഗവും വൈസ് പ്രസിഡന്റുമായ അന്നമ്മ ജോർജും പ്രമേയത്തെ പിന്തുണച്ചു. കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച് വിജയിച്ച പുന്നൂസിന് കോൺഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നില്ലെന്ന് പറയുന്നു. ഇദ്ദേഹത്തിനെതിരേ പാർട്ടി നേരത്തെ നടപടിയെടുത്തിരുന്നു.
2024 ഒക്ടോബർ 18ന് നടന്ന കഴിഞ്ഞ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അലക്സിന് അനുകൂലമായി വോട്ടു ചെയ്തവരാണ് ഇരുവരും. ആറുമാസത്തിനു ശേഷം സ്ഥാനം ഒഴിഞ്ഞ് അന്നമ്മയെ പ്രസിഡന്റാക്കാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതാണ് അവിശ്വാസത്തെ വൈസ് പ്രസിഡന്റ് പിന്തുണയ്ക്കാൻ കാരണം. പുളിക്കീഴ് ബ്ലോക്ക് അസി.ബിഡിഒ കെ വിനീതയുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.
കെ.പി. പുന്നൂസിനെ പുറത്താക്കി
പത്തനംതിട്ട: നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പാര്‍ട്ടി അച്ചടക്കം ലംഘിച്ച നിരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. പുന്നൂസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
നിരണം പഞ്ചായത്ത് പ്രസിഡന്റിനെതിരേ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ച കെ.പി. പുന്നൂസ് പിന്തുണച്ചതിനേ തുടര്‍ന്നാണ് അച്ചടക്ക നടപടി.