വന്യമൃഗശല്യം പ്രതിരോധിക്കാൻ അടിയന്തര ഇടപെടലുകൾ വേണം: ഡി.കെ. ജോൺ
1560252
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: സാധാരണ ജനജീവിതത്തിനു വെല്ലുവിളിയാകുന്ന തരത്തിൽ വന്യമൃഗശല്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. ഇക്കാര്യത്തിൽ വനംമന്ത്രി നിസംഗത വെടിയണം.
കാട്ടിൽ മൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല വനംവകുപ്പിനാണ്. അതിനു കഴിയുന്നില്ലെങ്കിൽ കാടിറങ്ങുന്ന മൃഗങ്ങൾക്ക് വനസംരക്ഷണ നിയമം ബാധകമാക്കേണ്ടതില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. വനപാലകർ നാട്ടിലെ കാട്ടുനീതി നടപ്പാക്കാൻ ഇറങ്ങി പുറപ്പെടരുത്. നാട്ടിലെ ക്രമസമാധാനം നോക്കാൻ വേറെ പോലീസ് സേനയുണ്ട്.
കാടിന്റെ സംരക്ഷണം ഉറപ്പാക്കാനാകാത്തവർ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും മേൽ കുതിര കയറാൻ ശ്രമിക്കുന്നതു കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാട്ടിൽ കാട്ടുനീതി നടപ്പാക്കിയതോടെ വഴി നടക്കാൻ പോലുമാകാത്ത സാഹചര്യമാണ്. കാട്ടുപന്നിയും തെരുവുനായ്ക്കളും മനുഷ്യനെ പൊതുവഴിയിൽ ആക്രമിക്കുന്നു. വീട്ടുമുറ്റത്തും മുറികൾക്കുള്ളിലും കാട്ടുമൃഗങ്ങൾ കടന്നു കയറുന്നു.
കൃഷിയിടങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു. ഇത്തരമൊരു അരക്ഷിതാവസ്ഥ ഇതിനു മുന്പുണ്ടായിട്ടില്ല. ഭരണകക്ഷിയിലെ മന്ത്രിമാരും എംഎൽഎമാരും നേതാക്കളും എല്ലാം ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. യാഥാർഥ്യം തിരിച്ചറിഞ്ഞ് ജനങ്ങളോടൊപ്പം നിൽക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോടു നിർദേശിക്കുകയാണ് വേണ്ടതെന്ന് ഡി.കെ. ജോൺ പറഞ്ഞു.