വയോ ദമ്പതികളുടെ സംസ്കാരം നടത്തി; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
1560268
Saturday, May 17, 2025 3:42 AM IST
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ സംസ്കാരം ചെത്തോങ്കര ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ നടന്നു. കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വൻ ജനാവലിയോടെ സംസ്കാരം നടത്തി.
റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്കതറയിൽ സക്കറിയ മാത്യു(ബാബു - 75), ഭാര്യ അന്നമ്മസ്കറിയ (കുഞ്ഞുമോൾ-70)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അതേ സമയം സക്കറിയ മാത്യുവിന്റെ മരണകാരണം ഹൃദയസ്തംഭനം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇതിൽ മനംനൊന്ത് ഭാര്യ അന്നമ്മ വീട്ടിൽ തൂങ്ങി മരിച്ചെന്നാണ് കരുതുന്നത്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ടും ലഭിച്ചെങ്കിലേ അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വീടിന്റെ മുൻവശത്തെ കതക് അകത്ത് നിന്ന് പൂട്ടിയിരുന്നില്ല. പുറത്തു നിന്ന് പോലീസിന് കതകിലുറപ്പിച്ചിരുന്ന പിടി താഴേക്ക് താഴ്ത്തി മുറിക്കുള്ളിലേക്ക് എളുപ്പത്തിൽ കയറാൻ കഴിഞ്ഞു.അന്നമ്മയുടെ വായിൽ രക്തത്തിന്റെ അംശം കണ്ടതായി പറയുന്നു.
പോലീസ് വ്യാഴാഴ്ച തന്നെ ആത്മഹത്യയായിരിക്കുമെന്ന നിഗമനത്തിലായിരുന്നു. എല്ലാ ദിവസവും വീടിന്റെ ചുറ്റു മതിലിന്റെ വാതിൽ അടയ്ക്കുക പതിവായിരുന്നു. എന്നാൽ സംഭവ ദിവസങ്ങളിൽ ഇത് തുറന്നു കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു. കൂടാതെ വീടിനു ചുറ്റുമുള്ള സിസിടിവി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു. ആരോ ഓഫ് ചെയ്തതുപോലെ യായിരുന്നത്രേ. എന്തായാലും വൃദ്ധ ദമ്പതികളുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.
ജോലിയാവശ്യാർത്ഥം മകൻ ദീപു സ്ക്കറിയ എറണാകുളത്ത് ചൊവ്വാഴ്ച പോയിരുന്നു. ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് അയൽവാസികളെ വിളിച്ചറിയിക്കുകയും വാർഡുമെംബർ അനീഷ് ഫിലിപ്പും പോലീസും ചേർന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കതക് തുറന്ന് അകത്തു കടക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം 5.19 വരെ ഫോൺ അന്നമ്മ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഏറെക്കാലമായി അബുദാബിയിൽ നഴ്സായിരുന്നു അന്നമ്മ. മാത്യുവും ഒപ്പമുണ്ടായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് റാന്നി പഴവങ്ങാടിയിലെ മുക്കാലുമണ്ണിലുള്ള വീട്ടിൽ സ്വസ്ഥ ജീവിതം നയിച്ചു വരികയായിരുന്നു.