വീടുവിട്ടിറങ്ങിയ മൂന്ന് കുട്ടികളെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി
1550071
Friday, May 16, 2025 3:54 AM IST
പന്തളം: വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരില്‍ വീടു വിട്ടിറങ്ങിയ കൗമാരക്കാരനും ചങ്ങാതിമാരും പോലീസിന്റെ വലയില്‍ കുടുങ്ങി. ബുധനാഴ്ച വൈകുന്നേരം പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കൂട്ടുകാര്‍ നാടുവിടാന്‍ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്.
ഒരു പതിനഞ്ചുകാരന് കൂട്ടുകാര്‍ക്കൊപ്പം കുടശനാട്ടേക്കുള്ള ബസില്‍ കയറുന്നത് ഇയാളുടെ അമ്മ കണ്ടിരുന്നു. ചോദിച്ചപ്പോള്‍ ഒരാളുടെ വസ്ത്രം വേറൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വാങ്ങാന്‍ പോകുന്നു എന്നായിരുന്നു മറുപടി. രാത്രിയായിട്ടും കുട്ടികള്‍ തിരിച്ചുവരാതിരുന്നപ്പോള്‍ വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചു.
ഫലം കാണാതായതോടെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ പരാതി നല്കിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്നും ഇതുകാരണം സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിടാന്‍ തീരുമാനിച്ചതാകാമെന്നും പോലീസിനെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടികള്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാല്‍ ആവശ്യത്തിനുള്ള പണം ലഭ്യമാകാഞ്ഞതുകാരണം പോകാന്‍ സാധിച്ചില്ല.
പണത്തിനായി ചില കൂട്ടുകാരെ സമീപിച്ചുവെങ്കിലും കിട്ടിയില്ല. ഇതിനിടയില്‍ ഇന്നലെ രാവിലെ കൂട്ടത്തില്‍ ഒരാള്‍ ഫോണ്‍ ഓണാക്കി, പണത്തിനു വേണ്ടി ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചതായിരുന്നു. ഈ നമ്പരില്‍ നിന്നും തിരിച്ചുവിളിച്ച് പോലീസ് കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. പന്തളം കുരമ്പാലയില്‍ നിന്നും കുട്ടികളെ കണ്ടെത്തി.
ഒരുമിച്ചൊരു സ്കൂളില്‍ പഠിക്കുന്ന മൂവരും ഉറ്റ ചങ്ങാതിമാരാണ്. രണ്ടുപേര്‍ ബന്ധുക്കളുമാണ്. അടൂര്‍ ജെ എഫ് എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നിര്‍ദേശപ്രകാരം എസ്ഐ അനീഷ് ഏബ്രഹാം, സിപിഒ മാരായ എസ്. അന്‍വര്‍ഷാ, കെ അമീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.