നെടുമൺ മൃഗാശുപത്രി കെട്ടിടനിർമാണം അനിശ്ചിതത്വത്തിൽ
1560265
Saturday, May 17, 2025 3:42 AM IST
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. ഏഴംകുളം പഞ്ചായത്ത് മൃഗാശുപത്രിക്കു വേണ്ടി സ്ഥലം വാങ്ങി കെട്ടിടം പണിയാൻ അനുമതി നൽകിയിട്ടും നിർമാണം അനന്തമായി നീളുകയാണ്. സ്ഥലം വാങ്ങാൻ അഞ്ചുലക്ഷം രൂപയായിരുന്നു പഞ്ചായത്തിൽ നിന്നും അനുവദിച്ചത്.
സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഏറെ കാലതാമസം നേരിട്ടു. നെടുമണ്ണിൽ തന്നെയുള്ള വ്യക്തിയിൽ നിന്നുമാണ് എട്ടു സെന്റ് സ്ഥലം വാങ്ങിയത്. ഇതു വാങ്ങി മാസങ്ങൾക്കു ശേഷമാണ് സ്ഥലം കൈമാറാൻ തീരുമാനമായത്. കെട്ടിട നിർമാണത്തിനുള്ള പഞ്ചായത്ത് അനുമതിയിലും കാലതാമസമുണ്ടായി.
കെട്ടിടത്തിനായി വകുപ്പിൽ നിന്നും 50 ലക്ഷം വരെ അനുവദിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്നും പണം അനുവദിച്ചാലും കെട്ടിടം പൂർത്തിയാക്കാനാകും. നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്തിന്റെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്.
രണ്ടു മുറികളുള്ള കെട്ടിടത്തിൽ മൃഗങ്ങളെ പരിശോധിക്കുവാനോ കുത്തിവയ്പ് നൽകാനോ സൗകര്യമില്ല. പഴയ കെട്ടിടം ആയതിനാൽ ഭിത്തികളിൽ വ്യാപകമായ വിള്ളൽ വീണിട്ടുണ്ട്. മുകൾ ഭാഗത്തെ കോൺക്രീറ്റ് ഇളകിവീണ് ദ്രവിച്ച കമ്പികൾ തെളിഞ്ഞു കാണാം. ശൗചാലയം പോലുമില്ലാത്ത ഈ കെട്ടിടത്തിന്റെ സാഹചര്യങ്ങൾ അത്ര സുരക്ഷിതവുമല്ല.