എന്റെ കേരളം മെഗാപ്രദർശന വിപണനമേള ഇന്നു മുതൽ
1550070
Friday, May 16, 2025 3:54 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് തുടക്കം. വൈകുന്നേരം അഞ്ചിന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെയാണ് പ്രദര്‍ശനം. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. അഞ്ച് ജര്‍മന്‍ ഹാംഗറില്‍ 71,000 ചതുരശ്രയടിയിലാണ് പവലിയന്. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളും. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. കലാ- സാംസ്കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയന്, ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല.
1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദര്‍ശിപ്പിക്കും. കാര്‍ഷിക- വിപണന പ്രദര്‍ശന മേള, കാരവന് ടൂറിസം ഏരിയ, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷൻ, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്പോര്‍ട്സ് പ്രദര്‍ശനം, സ്കൂള്‍ മാര്‍ക്കറ്റ്, സൗജന്യ സര്‍ക്കാര്‍ സേവനം, കായിക- വിനോദ പരിപാടി, പോലീസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഇന്ന് 6.30 മുതല്‍ ഭാരത് ഭവന് അവതരിപ്പിക്കുന്ന നവോത്ഥാനം- നവകേരളം മള്‍ട്ടിമീഡിയ ദൃശ്യാവിഷ്ക്കാരം. രണ്ടു മണിക്കൂറില്‍ 60 ഓളം കലാകാരന്മാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലില്‍ വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തടങ്ങിയവ പരിചയപ്പെടുത്തും.
നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകള്‍ വിഷയത്തിന്റെ സെമിനാര്‍. 1.30 മുതല്‍ ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. 6.30 മുതല്‍ മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ.