കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് നിർമാണോദ്ഘാടനം ഇന്ന്
1560255
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: കുമ്പഴയില്‍ കിഫ്ബി ധനസഹായത്തോടെ 2.2721 കോടി രൂപ ചെലവിൽ പുതിയ മത്സ്യമാർക്കറ്റ് നിർമിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യർഥനയേ തുടര്‍ന്നാണ് കുമ്പഴയിൽ ഫിഷറീസ് വകുപ്പ് അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് അനുവദിച്ചത്. മത്സ്യ മാര്‍ക്കറ്റിന്റെ നിർമാണോദ്ഘാടനം ഇന്നു രാവിലെ 10ന് കുമ്പഴ മാര്‍ക്കറ്റിന് സമീപം ലിജോ ഓഡിറ്റോറിയത്തില്‍ മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ജില്ലയിലെ പ്രധാന മൊത്ത വിതരണ മത്സ്യ വിപണന കേന്ദ്രമായ കുമ്പഴ മത്സ്യ മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം നിർമാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിലൂടെ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാർഥ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെയാണ് മത്സ്യമാര്‍ക്കറ്റ് യാഥാർഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തീരദേശ വികസന കോര്പറേഷന് മുഖേനയാണ് മത്സ്യ മാര്‍ക്കറ്റ് നിർമിക്കുന്നത്. 369.05 ച. മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇരുനില മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ 14 മത്സ്യ വില്പന സ്റ്റാളുകള്‍, 8 കടമുറികള്‍, ഓഫീസ് മുറി, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ സൗകര്യം, ടോയ്ലറ്റുകള് എന്നിവ ഉണ്ടാകും.
വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികൾ, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ സജ്ജമാക്കും. കൂടാതെ മാലിന്യ സംസ്കരണത്തിനായി ഇടിപി സംവിധാനവും ക്രമീകരിക്കും. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. തറയില്‍ ആന്റിസ്കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്.