ലഹരിക്കെതിരേ കായികവകുപ്പിന്റെ യാത്ര പത്തനംതിട്ടയിൽ
1560269
Saturday, May 17, 2025 3:42 AM IST
പത്തനംതിട്ട: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിച്ച് കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്കു പത്തനംതിട്ട ജില്ലയിൽ വൻ പ്രതികരണം.
കായികമന്ത്രി വി. അബ്ദുറഹിമാൻ ജാഥാക്യാപ്റ്റനായ പര്യടനത്തിലും അതിനോടനുബന്ധിച്ച് നടന്ന വാക്കത്തോണിലും മാരത്തോണിലും വൻ ജനാവലി പങ്കാളികളായി. ലഹരിക്കെതിരേ ഒറ്റക്കെട്ടായി പൊരുതാം എന്ന ആവേശത്തിൽ സമൂഹത്തിന്റെ വിവിധതുറകളിൽ പെട്ടവർ റാലിയിൽ പങ്കാളികളായി.
രാവിലെ അടൂരിൽ മിനി മാരത്തണോടെയാണ് തുടക്കമായത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തൺ കുരന്പാലയിൽ സമാപിച്ചു. തിരുവല്ലയിൽ ലഹരി വിരുദ്ധ റാലി നടന്നു.
പത്തനംതിട്ടയിൽ സമാപനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് മന്ത്രി അബ്ദുറഹ് മാന്റെ നേതൃത്വത്തിൽ വാക്കത്തോൺ നടന്നു. കെ.യു. ജനീഷ് കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ലോകചാമ്പ്യനും ദേശീയ ബോക്സിംഗ് താരവുമായ കെ.സി. ലേഖ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഫെൻസിംഗ് താരമായ ആദിൽ പ്രസാദിനെ ആദരിച്ചു.
ചടങ്ങിൽ ജാഥാ ക്യാപ്റ്റനായ മന്ത്രി വി. അബ്ദുറഹിമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനില്കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത്, മുൻ ഫുട്ബോൾ താരം കെ. ടി. ചാക്കോ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലും ടൗൺ സ്ക്വയറിലുമായി വടംവലി ഉൾപ്പെടെ വിവിധ പരിപാടികളും നടന്നു. വാക്കത്തോണിൽ വിവിധ സംഘടനകളുടെയും എൻസിസി, സ്കൗട്ട്, റോളർ സ്കേറ്റിംഗ് തുടങ്ങിയവയുടെയും വൻ പങ്കാളിത്തമാണുണ്ടായത്.