കെഎസ്ആർടിസി ബസിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
1550067
Friday, May 16, 2025 3:54 AM IST
തിരുവല്ല: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നു വിദ്യാർഥികൾക്ക് പരിക്കേറ്റു. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുംപുറം ചന്തയ്ക്ക് സമീപം ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
ബസിന്റെ ആക്സിൽ ഒടിഞ്ഞതിനേ തുടർന്ന് നിയന്ത്രണം വിട്ട വാഹനം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു.
നെടുംപുറം വിജയവിലാസം വീട്ടിൽ കാർത്തിക് സായി (14), മാലിപറമ്പിൽ വീട്ടിൽ ആഷിക് ശിഖ (14) കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ് (15) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.