വനം വകുപ്പിന്റെ അനീതി അവസാനിപ്പിക്കണം: എസ്ഡിപിഐ
1560253
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളോടു വനം വകുപ്പ് ഉദ്യോഗസ്ഥർ തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളായ കർഷകരെ കസ്റ്റഡിയിലെടുത്ത് നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല.
കഴിഞ്ഞദിവസം കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ പ്രദേശവാസികളായ നിരവധി കർഷകരെയും തൊഴിലാളികളെയുമാണ് അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും പ്രതിരോധം തീർക്കേണ്ടതിനു പകരം വനാതിർത്തിയിലുള്ള കർഷകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം നീതീകരിക്കാനാവില്ല.
ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. എന്നാൽ, ഈ സംഭവത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് മാതൃകാപരമല്ല.
ഈ രാഷ്ട്രീയ നാടകത്തിനു പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സലിം മൗലവി, സുധീർ കോന്നി, ഷെയ്ക്ക് നജീർ, സിയാദ് നിരണം, ഷാജി കോന്നി എന്നിവർ പ്രസംഗിച്ചു