കളിക്കളങ്ങൾ കാണാൻ മന്ത്രി എത്തുന്നു, തിരുവല്ല പബ്ലിക് സ്റ്റേഡിയം കരകയറുമോ ?
1550078
Friday, May 16, 2025 4:13 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി ഇന്ന് ജില്ലയിലെത്തുന്ന മന്ത്രി വി. അബ്ദുറഹ് മാൻ തിരുവല്ല പബ്ലിക് സ്റ്റേഡിയവും സമീപത്തെ നീന്തൽക്കുളവും സന്ദർശിക്കും. ഏറെ ശോച്യാവസ്ഥയിലായ തിരുവല്ല സ്റ്റേഡിയത്തിന്റെ പുനർനിർമാണം സംബന്ധിച്ചു മന്ത്രി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.
രാവിലെ 10.30ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രധാന വിഷയമായി പബ്ലിക് സ്റ്റേഡിയവും നീന്തൽക്കുളവും ഉൾപ്പെടെയുള്ളവയായിരിക്കും.
തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ടു തയാറാക്കിയ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തേക്കും.പത്തനംതിട്ട ജില്ലയിലെ പ്രധാന കായികവേദിയായ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയിൽ കായികപ്രേമികൾ നിരാശരാണ്.
സംസ്ഥാന സ്കൂൾ കായികമേളയ്ക്കും ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകൾക്കും ഫുടുബോൾ മത്സരങ്ങൾക്കും വേദിയായിട്ടുള്ള സ്റ്റേഡിയം ഇന്നിപ്പോൾ ഉപയോഗയോഗ്യമല്ല. ജനകീയ പങ്കാളിത്തത്തോടെ 1980 കളിൽ നിർമിച്ച സ്റ്റേഡിയവും പവലിയനുകളും കാടുകയറി കിടക്കുകയാണ്.
സമീപത്ത് നഗരസഭ നിർമിച്ച നീന്തൽക്കുളവും അനാഥമായി. ബാസ്കറ്റ്ബോൾ ഗ്രൗണ്ടുകളും കാടുകയറി. ഒരു കാലത്ത് തിരുവല്ലയുടെ അഭിമാനമായ ഗ്രൗണ്ടുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് മന്ത്രി നേരിട്ടു സ്ഥലം സന്ദർശിക്കുന്നത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും പുതിയ സ്റ്റേഡിയങ്ങളുണ്ടായി. എന്നാൽ സ്ഥല സൗകര്യങ്ങളുണ്ടായിട്ടും തിരുവല്ല അവഗണിക്കപ്പെടുകയായിരുന്നുവെന്ന് കായികപ്രേമികൾ പറയുന്നു.
ദേശീയ, സംസ്ഥാന താരങ്ങളെ അടക്കം സംഭാവന ചെയ്ത തിരുവല്ലയുടെ മണ്ണിൽ ഇന്നിപ്പോൾ കായിക പരിശീലനത്തിനു പോലും മെച്ചപ്പെട്ട ഗ്രൗണ്ടുകളില്ലാത്ത സ്ഥിതിയുണ്ട്.
പത്തനംതിട്ട സ്റ്റേഡിയം നിർമാണവും വിലയിരുത്തും
പത്തനംതിട്ടയിലെത്തുന്ന മന്ത്രി അബ്ദു റഹ്മാൻ കെ.കെ. നായർ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണവും വിലയിരുത്തും. നീന്തൽക്കുളം ഉൾപ്പെടെയുള്ള പ്രാഥമിക ഘട്ടം ജനുവരിയോടെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബിയുടെ 47.92 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത്. ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് നിർമാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ എട്ടു ലെയ്ന്‍ 400 മീറ്റർ സിന്തറ്റിക് അത് ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുട്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന് ആൻഡ് ഗാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിർമിക്കുന്നത്.
മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനം അടക്കം ട്രാക്കിനുവേണ്ടി സജ്ജമാക്കുന്നുണ്ട്. നിലിവിലെ ഗാലറി മന്ദിരങ്ങൾ പൊളിക്കാതെ ഇരുവശത്തുമായി രണ്ട് പവലിയന് കെട്ടിടങ്ങൾ കൂടി നിർമിക്കും.
ഒളിമ്പിക് മത്സരങ്ങള്‍ നടത്തുന്നതിനുള്ള നീന്തല്‍ കുളങ്ങള്‍ക്കുള്ള അളവായ 50 * 25 മീറ്ററില്‍ ഉള്ള നീന്തല്‍ക്കുളമാണ് തയാറാക്കുന്നത്. ഇതിന്റെ പണികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിന് ഇരുവശത്തുമായി രണ്ട് പവലിയന് ഗാലറി കെട്ടിടങ്ങളും നിർമിക്കും.
ചെങ്ങറ എസ്റ്റേറ്റിൽ പുതിയ സ്റ്റേഡിയം
ചെങ്ങറ എസ്റ്റേറ്റിൽ പുതിയ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട ചർച്ചയും ഇന്നുണ്ടാകും. 12.30ന് ചെങ്ങറ എസ്റ്റേറ്റിലെത്തുന്ന മന്ത്രി ഇക്കാര്യം ചർച്ച ചെയ്യും. സ്റ്റേഡിയം നിർമാണത്തിനായി അനുബന്ധ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
പ്രക്കാനം വോളിബോൾ അക്കാഡമിയിലെ സന്ദർശനത്തിനുശേഷമായിരിക്കും ചെങ്ങറ എസ്റ്റേറ്റിലെത്തുക.