എംഎൽഎയെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പോസ്റ്റ്
1560251
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: കെ.യു. ജനീഷ് കുമാർ എംഎൽഎയെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് പിന്നീട് പിൻവലിച്ചു. കഴിഞ്ഞദിവസം കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എംഎൽഎയുടെ നേതൃത്വത്തിൽ വനപാലകർ ചോദ്യം ചെയ്യാൻ വിളിച്ചിച്ചയാളെ ഇറക്കിക്കൊണ്ടുപോയത് വിവാദമായതിനേ തുടർന്നാണ് അസോസിയേഷന്റേതായ പോസ്റ്റ് പുറത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം: പ്രിയപ്പെട്ട എംഎൽഎ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെ എല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ടു കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം.
മനുഷ്യൻ മാത്രമാകുന്ന സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ചു കളയണം.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അതു കീറിക്കളയുന്ന കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിനു ചൂട്ടുപിടിച്ച പോലീസ് ഏമാനു നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.