വന്യജീവി സംരക്ഷണത്തിന്റെ മറവിൽ നിരപരാധികളെ കുടുക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല: കെസിസി
1550066
Friday, May 16, 2025 3:54 AM IST
തിരുവല്ല: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിൽ അടയ്ക്കാനാണ് വനപാലകർ ശ്രമിക്കുന്നതെന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്.
അവരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ചിറ്റാറിലെ മത്തായി ഉൾപ്പെടെയുള്ളവരുടെ സ്മരണ മലയോര മേഖലയിലുണ്ട്. കഴിഞ്ഞദിവസം കോന്നിയിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂവുടമയ്ക്കും തൊഴിലാളികൾക്കും എതിരായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്ന പരാക്രമങ്ങൾ അംഗീകരിക്കാനാവില്ല.
ഭൂമി പാട്ടത്തിന് എടുത്തയാൾ കൃഷി സ്ഥലം ഒരുക്കുവാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്ന അവസ്ഥയാണുള്ളത്. കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് കർഷകർക്കും തൊഴിലാളികൾക്കും എതിരേ ഉദ്യോഗസ്ഥർ അതിക്രമം നടത്തുന്നത്.
കർഷകരുടെ ജീവൻ നഷ്ടപ്പെട്ടാൽ കാണിക്കാത്ത ആവേശമാണ് വന്യമൃഗങ്ങൾ സ്വകാര്യഭൂമിയിൽ അതിക്രമിച്ചു കടക്കുന്നതിനിടയിൽ മരണപ്പെട്ടാൽ വനപാലകർ കാണിക്കുന്നത്. കോന്നിയിൽ അനധികൃതമായി 11 പേരെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുവാൻ നിർബന്ധിച്ചതായി പറയുന്നു.
കാടു വിട്ട് നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾക്ക് കാട്ടുമൃഗം എന്ന പരിഗണന നൽകണമെന്ന ആവശ്യം ഫോറസ്റ്റ് ഉദ്യോഗസ്ഥർ കടലിൽ ഇറങ്ങിയിട്ട് തങ്ങളുടെ അധികാരപരിധി ആണെന്ന് പറയുന്നതുപോലെ വിചിത്രമാണ്.
ഭരണകക്ഷി എംഎൽഎ പോലും വനപാലകർക്കെതിരായി നിലപാട് എടുക്കേണ്ടുന്ന അവസ്ഥ സംജാതമായി. വനപാലകരുടെ ഇത്തരം നടപടികളിലും വന്യജീവി ആക്രമണങ്ങളിലും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ യജമാനന്മാരല്ലെന്നും ജനങ്ങളുടെ സേവകരാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തയാറാകുകയാണ് വേണ്ടതെന്നും ഡോ. പ്രകാശ് പി. തോമസ് അഭിപ്രായപ്പെട്ടു.