നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ധാരണ ലംഘിക്കപ്പെട്ടു: പുന്നൂസ്
1560267
Saturday, May 17, 2025 3:42 AM IST
പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തെ സംബന്ധിച്ചു മുന്പെടുത്ത ധാരണ ലംഘിച്ചതാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകാൻ കാരണമായതെന്ന് മുൻ പ്രസിഡന്റ് കെ.പി. പുന്നൂസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡന്റായിരുന്ന അലക്സ് പുത്തുപ്പള്ളി കഴിഞ്ഞ ഏപ്രിൽ 18ന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും നിലവിലെ വൈസ് പ്രസിഡന്റ് അന്നമ്മ ജോർജിനെ പ്രസിഡന്റാക്കണമെന്നും ഒരു ധാരണ ഉണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 17നു കെപിസിസി ജനറൽ സെക്രട്ടറി ഷൈലാജിന്റെ ഭവനത്തിൽ കൂടിയ യോഗത്തിലാണ് അലക്സിനെ പ്രസിഡന്റാക്കി നിരണം ഗ്രാമപഞ്ചായത്ത് ഭരണം തിരികെ പിടിക്കാൻ യുഡിഎഫ് അംഗങ്ങൾ തീരുമാനിച്ചത്. ഇതിനായി രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി അനിവാര്യമായിരുന്നതിനാൽ അന്നമ്മ ജോർജിനെ വൈസ് പ്രസിഡന്റാക്കാനും പിന്നീട് പ്രസിഡന്റാക്കാനും തീരുമാനിച്ചു.
ഈ ധാരണാപത്രത്തിൽ ബന്ധപ്പെട്ട മെംബർമാരും കോൺഗ്രസ് നേതാക്കളും ഒപ്പുവച്ചതാണ്. ഇതനുസരിച്ച് അലക്സ് പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാതെ വന്നപ്പോൾ ഡിസിസിയോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. മുന്പ് കോൺഗ്രസിൽ നിന്നു തന്നെ സസ്പെൻഡ് ചെയ്തിരുന്നതാണെന്ന് കെ.പി. പുന്നൂസ് പറഞ്ഞു.
എന്നാൽ നിരണത്ത് അവിശ്വാസം വരുന്നതു കണ്ട് ഏപ്രിൽ 30നു തിരികെയെടുക്കുകയും അവിശ്വാസ വോട്ടെടുപ്പിൽ വിട്ടുനിൽക്കാൻ നിർദേശിക്കുകയും ചെയ്തു. പഞ്ചായത്തിലെ ധാരണ നടപ്പാക്കണമെന്ന് താൻ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല.
ഇതേത്തുടർന്നാണ് എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചത്. തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കിയ ഡിസിസി പ്രസിഡന്റിന്റെ നടപടി നീതിയുക്തമല്ലെന്നും ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും കെ.പി. പുന്നൂസ് പറഞ്ഞു.