മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിടം നിർമാണോദ്ഘാടനം നാളെ
1550082
Friday, May 16, 2025 4:13 AM IST
മല്ലപ്പള്ളി: താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ എന്നിവർ പ്രസംഗിക്കും.
1917 ഓഗസ്റ്റ് 16നു പ്രവർത്തനം തുടങ്ങിയ മല്ലപ്പള്ളി ആരോഗ്യ കേന്ദ്രം 1993-ൽ താലൂക്ക് ആശുപത്രിയായി. 128 കിടക്കകൾക്ക് അനുമതി ലഭിച്ചിട്ടുള്ള ഈ ആശുപത്രിയിൽ പ്രതിദിനം അഞ്ഞൂറോളം രോഗികൾ എത്തുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ ഒപി വിഭാഗങ്ങളും കിടത്തി ചികിത്സാ വിഭാഗം, 24 മണിക്കൂർ അത്യാഹിത വിഭാഗം മൈനർ ഓപ്പറേഷൻ തിയേറ്റർ, ദന്തൽ വിഭാഗം,
ഫിസിയോ തെറാപ്പി, ലബോറട്ടറി, ഫാർമസി, കാഴ്ച പരിശോധന, ജീവിതശൈലീരോഗ വിഭാഗം, കൗമാര സൗഹൃദ ആരോഗ്യ ക്ലിനിക്, പാലിയേറ്റീവ് വിഭാഗം തുടങ്ങിയവ പ്രവർത്തിക്കുന്നു. 10 ഡോക്ടർമാർ അടക്കം 72 ജീവനക്കാരാണ് ഈ ആശുപത്രിയിൽ സേവനം ചെയ്യുന്നത്.
ആറു നിലകളിലായി 80,000 ചതുരശ്രവിസ്തൃതിയിൽ ആണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
താഴത്തെ നിലയിൽ കാഷ്വാലിറ്റി,ഒന്നാം നിലയിൽ ഒപി, മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഇഎൻറ്റി, സൈക്യാട്രി, ഡെന്റൽ, ശ്വാസ് ക്ലിനിക്ക്, എൻസിഡി. ക്ലിനിക്ക്, ഫാർമസി, ഫാർമസി സ്റ്റോർ, അൾട്രാ സൗണ്ട് സ്കാൻ രണ്ടാം നിലയിൽ മെഡിക്കൽ ഐസിയു, ഐസോലേഷൻ മുറി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ്, ഓഫീസ് മൂന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്റർ നാലാം നിലയിൽ എസ്ഐസിയു,
മെഡിക്കൽ റെക്കോർഡ്സ് മുറി, ഡയാലിസിസ് മുറി, ആർഒ പ്ലാന്റ് അഞ്ചാം നിലയിൽ കിടത്തിച്ചികിത്സാ വാർഡുകൾ എന്നിവയാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ പ്രാവർത്തികമാക്കുന്ന വിഭാഗങ്ങൾ. നിലവിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കഫറ്റേരിയ, ഗൈനക്കോളജി വാർഡ്,ഒന്നാം നിലയിൽ പ്രസവ മുറി, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശു പരിപാലന വിഭാഗം, മോർച്ചറി എന്നീ വിഭാഗങ്ങൾ ഒരുക്കും.