ഓപ്പറേഷന് കുബേര; നാല് കേസുകളിലായി മൂന്നുപേർ അറസ്റ്റിൽ
1550073
Friday, May 16, 2025 3:54 AM IST
പത്തനംതിട്ട: ഓപ്പറേഷന് കുബേരയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപക പരിശോധന. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മൂന്നു പേരെ അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പതാലില്‍ തോട്ടത്തില്‍ ടി. ഡി. ബാലകൃഷ്ണന്(54), തോട്ടപ്പുഴശേരി ചെട്ടിമുക്ക് കുളഞ്ഞിക്കൊമ്പില്‍ ഏബ്രഹാം വര്‍ഗീസ്(69), കുറ്റപ്പുഴ ചുമത്ര പുന്നമറ്റം തടത്തില്‍ റിജോ മോന് (32) എന്നിവരാണ് അറസ്റ്റിലായത്.
ലൈസന്‍സില്ലാതെ ചെക്കുകളും മുദ്രപ്പത്രങ്ങളും ഈടായി വാങ്ങി പലിശയ്ക്ക് പണം കൊടുക്കുന്നതു സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം. ആര്. സുരേഷ്, എസ് ഐ ടി. പി. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ 13,500 രൂപയും വിവിധ ബാങ്കുകളുടെ പലരുടെ പേരിലുള്ള മൂന്ന് ബ്ലാങ്ക് ചെക്ക് ലീഫുകളും, മൂന്ന് മുദ്രപത്രങ്ങളും കണ്ടെടുത്തു.
കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാർ, എസ്ഐ ഷൈജു, എഎസ്ഐ ഷിബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏബ്രഹാം വര്‍ഗീസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പണം പലിശയ്ക്ക് കൊടുത്തതിന്റെയും ചെക്കുകുളം മറ്റും വാങ്ങിയതിന്റെയും കണക്കുകള്‍ ഡയറികളില്‍ രേഖപ്പെടുത്തിയിരുന്നു. അലമാരയുടെ അടിത്തിട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയില്‍ നിന്നും 91,770 രൂപയാണ് കണ്ടെടുത്തത്.
തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നിര്‍ദേശപ്രകാരം എസ്ഐ ഐ. ഷിറാസ്, പ്രൊബേഷന്‍ എസ്ഐ ജയ്മോന് എന്നിവര്‍ റിജോമോന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 ചെക്ക് ലീഫുകളും മുദ്രപ്പത്രവും ഡയറിയും പിടിച്ചെടുത്തു.
റാന്നി പോലീസ് നടത്തിയ പരിശോധനയില്‍ മക്കപ്പുഴ മന്ദമരുതി അമ്പാട്ടു ലിന്റോതോമസിന്റെ വീട്ടില്‍ നിന്നും അനധികൃത രേഖകള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 69 റെയ്ഡുകളാണ് നടന്നത്.