കുടുംബശ്രീ കലോത്സവം: അങ്ങാടി സിഡിഎസ് ജേതാക്കൾ
1550072
Friday, May 16, 2025 3:54 AM IST
കുളനട: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുളനട പ്രീമിയം കഫെയിൽ നടന്ന അയൽക്കൂട്ടം ഓക്സിലറി അംഗങ്ങളുടെ അരങ്ങ് 2025 ജില്ലാതല കലോത്സവത്തിൽ 41 പോയിന്റ് നേടി റാന്നി - അങ്ങാടി സിഡിഎസ് ജേതാക്കളായി. 35 പോയിന്റ് നേടി കോഴഞ്ചേരി ,കൊറ്റനാട് സിഡിഎസുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 27 പോയിന്റോടെ വടശേരിക്കര സിഡിഎസ് മൂന്നാം സ്ഥാനവും നേടി.
സർഗോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വിവിധ സിഡിഎസുകളുടെ ടീമുകൾ തമ്മിൽ നടന്നത്. രണ്ടു ദിവസങ്ങളിലായി ശ്രുതി ,തൂലിക, ലാസ്യം, നടനം എന്നീ വേദികളിലായി ജൂണിയർ സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിൽ നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, ഒപ്പന, സംഘനൃത്തം മിമിക്രി,മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങി 40 ഓളം ഇനങ്ങളാണ് അരങ്ങേറിയത്.
ജില്ലയിലെ 58 സിഡിഎസുകളിൽ നിന്നുമായി 450 ൽ പരം അംഗങ്ങൾ അരങ്ങിന്റെ ഭാഗമായി. കഥാരചന, കവിതാരചന, ചിത്രരചന, തുടങ്ങിയ സ്റ്റേജിതര പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ 26, 27, 28 തീയതികളിലായി കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല അരങ്ങിൽ പങ്കെടുക്കാൻ യോഗ്യത നേടി.