അടൂർ ജനറൽ ആശുപത്രിയിൽ കാരുണ്യ മെഡിക്കൽ സ്റ്റോർ പ്രവർത്തനം പുനരാരംഭിക്കും
1550076
Friday, May 16, 2025 4:13 AM IST
അടൂർ: ജനറൽആശുപത്രിയിൽ പ്രവർത്തിച്ചുവന്ന കാരുണ്യ മെഡിക്കൽ സ്റ്റോർ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഒന്നര വർഷം മുന്പ് തീപിടിത്തത്തിൽ കത്തി നശിച്ചതിനേ തുടർന്നാണ് മെഡിക്കൽ സ്റ്റോർ പ്രവർത്തനം നിലച്ചുപോയത്. ഇക്കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കർ, കെഎംസിഎൽ ഉന്നത അധികാരികളുമായി ബന്ധപ്പെട്ട് ഈ വിഷയംചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം അനുകൂലമായത്.
ഈ മാസം തന്നെ മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. കാരുണ്യ മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട കെഎംസിഎൽ ചുമതലയുള്ള ഉദ്യോഗസ്ഥ സംഘം അടൂർ ജനറൽ ആശുപത്രി സന്ദർശിച്ച് മെഡിക്കൽ സ്റ്റോർ പുനരാരംഭിക്കുന്നതിനെ കുറിച്ച് വിലയിരുത്തി.
വ്യവസ്ഥകൾ പ്രകാരം മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നതിന് മതിയായ സ്ഥല സൗകര്യം ക്രമീകരിച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ഡി.സജി ഈ വിഷയം പരിഹരിക്കുന്നതിനു നിവേദനം നൽകിയതിനേ തുടർന്നാണ് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയതെന്നും ഈ മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നതോടെ പാവപ്പെട്ടവരായ നിരവധി രോഗികൾക്ക് ന്യായവിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.