സാധുജന വിമോചന സംയുക്ത വേദിയുടെ കളക്ടറേറ്റ് മാർച്ച് 28ന്
1560272
Saturday, May 17, 2025 3:47 AM IST
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ മനുഷ്യോചിതം ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ 28നു കളക്ടറേറ്റ് മാർച്ച് നടത്തും.
ചെങ്ങറ സമരഭൂമിയിൽ കഴിഞ്ഞ 18 വർഷമായി 600 കുടുംബങ്ങൾ യാതൊരു പരിഗണനയും സൗകര്യങ്ങളും ലഭിക്കാതെ കഴിഞ്ഞുകൂടുകയാണ്. വൈദ്യുതി, പഠന സൗകര്യം, വഴി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യമില്ല.
കാൻസർ രോഗികളും വയോധികരുമായ ആളുകൾക്കു പോലും ചികിത്സാ സൗകര്യം ലഭിക്കുന്നില്ല. ആനയും കാട്ടുപന്നികളും നിരന്തരം ശല്യമുണ്ടാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും താലൂക്ക് ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി, സെക്രട്ടറി രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ കല്ലേലി, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.