എന്റെ കേരളം പ്രദർശന വിപണന കലാമേളയ്ക്ക് പത്തനംതിട്ടയിൽ തുടക്കം
1560261
Saturday, May 17, 2025 3:42 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, പൊതുമരാമത്ത്, കാർഷികം, ടൂറിസം തുടങ്ങി സമസ്ത മേഖലയിലും സ്വപ്നതുല്യമായ വികസനമാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നതെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവൃത്തി ഒറ്റ ഘട്ടമായി നടത്തിയെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി.
ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി. ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. ടി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.