കാട്ടാന ചരിഞ്ഞ സംഭവത്തിൽ കർഷകർക്കെതിരേ വനംവകുപ്പ്; പ്രതിഷേധം ശക്തം
1550065
Friday, May 16, 2025 3:54 AM IST
പത്തനംതിട്ട: കോന്നി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കുളത്തുമണ്ണില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനംവകുപ്പ്. കുളത്തുമണ്ണില്‍ വനത്തോടു ചേര്‍ന്നുള്ള സ്ഥലത്ത് കൈതത്തോട്ടവുമായി ബന്ധപ്പെട്ട സ്ഥലത്തെ സോളാര്‍ വേലിയില്‍ നിന്നാണ് ആനയ്ക്കു ഷോക്കേറ്റതെന്നും ശക്തമായ തോതില്‍ ഇതിലൂടെ വൈദ്യുതി കടത്തിവിട്ടിരുന്നുവെന്നുമാണ് വനപാലകരുടെ നിഗമനം.
തോട്ടം ഉടമയുടെ സഹായിയില്‍നിന്നു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. കോന്നി വയക്കരയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ എംഎൽഎയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുപോരികയും ചെയ്തു.
കാട്ടാന സ്വകാര്യ കൃഷിയിടത്തിൽ ചരിഞ്ഞ സംഭവത്തിൽ കർഷകരെയും സ്ഥലം പാട്ടത്തിനെടുത്തു കൃഷി നടത്തുന്നവരെയും പ്രതികളാക്കാനുള്ള നീക്കത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ വനംവകുപ്പിനു കഴിയുന്നില്ല. ഗുരുതരമായ പ്രശ്നങ്ങളാണ് ഇതുമൂലം മലയോര മേഖലയിലുണ്ടാകുന്നത്. സന്ധ്യ മയങ്ങുന്നതോടെ ആനയുടെ ശല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
മറ്റു കൃഷികളൊന്നും സാധ്യമല്ലാതെ വന്നതോടെയാണ് പലയിടത്തും പാട്ടക്കൃഷിക്കു സ്ഥലം വിട്ടുകൊടുത്തിരിക്കുന്നത്. പാട്ടക്കൃഷിയുടെ ഭാഗമായ കൈതത്തോട്ടം വച്ച മേഖലകളിലേക്ക് കാട്ടാന എത്തുന്നതിനാൽ ഇത്തരം കൃഷികൾ പാടില്ലെന്ന നിലപാടാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടേതെന്ന് കർഷകർ പറയുന്നു. ആനയെ പ്രതിരോധിക്കാൻ കർഷകർക്കാകില്ല.
വന മേഖലയിൽ നിന്നും കിലോമീറ്ററുകൾ താണ്ടിയാണ് ആന എത്തുന്നത്. ഇതു തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയാണെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണ വിഷയത്തിൽ ശാശ്വത പരിഹാരം വേണം: എൻസിഎംജെ
പത്തനംതിട്ട: വന്യജീവി ആക്രമണത്തിൽ ജില്ലയിൽ ശാശ്വത പരിഹാരത്തിന് അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസം കോന്നിയിൽ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് നിരപരാധികളേ നിയമപാലകർ പിടിച്ചു കുറ്റം അടിച്ചേൽപിക്കുന്ന രീതി സാധാരണകാരയ ജനങ്ങളോടുള്ള അധിക്ഷേപമാണ്.
മലയോര മേഖലയിൽ മനുഷ്യർ വേണ്ട വന്യമൃഗങ്ങൾ മതി എന്ന നിലപാട് അംഗീകരിക്കാനാകില്ല. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്ന് എൻസിഎംജെ ജില്ല പ്രസിഡന്റ് ഫാ. ബെന്യാമിൻ ശങ്കരത്തിൽ, സെക്രട്ടറി അനീഷ് തോമസ്, ഭാരവാഹികളായ സജു, റവ. ഷാജി കെ. ജോർജ്, ഡോ. ആർ. ആർ. തോമസ്, പാസ്റ്റർ ഏബ്രഹാം വർഗീസ്, ബാബു വെൻമേലി എന്നിവർ ആവശ്യപ്പെട്ടു.
എംഎൽഎയുടെ നിലപാടിന് ജനകീയ കർഷകസമിതിയുടെ പിന്തുണ
പത്തനംതിട്ട: വനംനിയമത്തിന്റെ മറവിൽ കർഷകരെ ദ്രോഹിക്കാനുള്ള നടപടികൾക്കെതിരേ ശക്തമായ നിലപാടെടുത്ത കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന് ജനകീയ കർഷക സമിതി പിന്തുണ പ്രഖ്യാപിച്ചു.
കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി ശക്തമായ നിലപാടെടുക്കുന്ന ജനീഷ് കുമാറിന് വനംവകുപ്പിന്റെ മന്ത്രിയാക്കണമെന്നതാണ് സംഘടനയുടെ നിലപാടെന്ന് ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പറഞ്ഞു. വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള ആളുകളെ കുറ്റം ഏറ്റെടുക്കാൻ വേണ്ടി ക്രൂരമായി മർദിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥർക്കുള്ളത്.
ചിറ്റാറിലെ മത്തായി അടക്കം ഇത്തരത്തിൽ ക്രൂരആക്രമണത്തിനു വിധേയാരായവർ കൊല്ലപ്പെട്ടിട്ടുണ്ട്. നിയമപരമായ നടപടി സ്വീകരിക്കാതെ ഒരാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്താണ് എംഎൽഎ പോലീസിനൊപ്പം ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡി സംബന്ധമായ യാതൊരു അവിടെ ഉണ്ടായിരുന്നില്ല.
ജെസിബി ഓടിക്കാനെത്തിയ ആളെ പിടിച്ചുകൊണ്ടുപോയത് ചോദ്യം ചെയ്ത എംഎൽഎ അയാളെ ഇറക്കി കൊണ്ടുപോരികയായിരുന്നു. ഒരു ആന ചത്തുവെന്ന പേരിൽ 11 പേരെയാണ് വനംവകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സ്വകാര്യ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞതിനു കർഷകർ ഉത്തരവാദികളാക്കരുതെന്നതാണ് ജനകീയ കർഷക സമിതിയുടെ നയമെന്നും ജോൺ മാത്യു പറഞ്ഞു.
പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് 19ന്
കോന്നി: മലയോര പ്രദേശങ്ങളായ കുളത്തുമൺ, പാടം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം നല്‍കണമെന്നും കർഷകർക്കെതിരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡന നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് രാവിലെ 10ന് പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുവാൻ കോന്നി കോൺഗ്രസ് ഭവനിൽ ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു.
കുളത്തുമൺ പ്രദേശത്ത് ആഴ്ചകളായി കാട്ടന ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ വനപാലകർ കർഷകർക്കെതിരേ തിരിയുന്നത് ന്യായീകരിക്കാനാകില്ല.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ഡിസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം,
ജനറൽ സെക്രട്ടറിമാരയ ജി. രഘുനാഥ്, വി.ടി. അജോമോൻ, തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ, കെ. ജയപ്രസാദ്, ഷിജു അറപ്പുരയിൽ, അബ്ദുൾ ഹാരിസ്, സലാം കോന്നി, ദിലീപ് അതിരുങ്കൽ, പ്രൊഫ. ജി. ജോൺ, പ്രവീൺ പ്ലാവിളയിൽ, അനീഷ് ഗോപിനാഥ്, സജി മാരൂർ, നിഖിൽ ചെറിയാൻ, റോബിൻ മോൻസി, ടി.ജി നിഥിൻ, ജയകൃഷ്ണൻ, സാംകോന്നി, സുലേഖാ വി. നായർ, ആനന്ദവല്ലിയമ്മ, ലിസി സാം എന്നിവർ പ്രസംഗിച്ചു.