പുളിക്കീഴ് ഗോഡൗണിലെ തീപിടിത്തം: അടിമുടി ദുരൂഹത
1549826
Thursday, May 15, 2025 3:58 AM IST
ബെവ്കോയ്ക്കു നഷ്ടം കോടികളുടേത്
തിരുവല്ല: പുളിക്കീഴിൽ ബിവറേജസ് കോർപറേഷൻ വക ഗോഡൗണും ഔട്ട്ലെറ്റും അഗ്നിക്കിരയായ സംഭവത്തിൽ ദുരൂഹതകൾ ബാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ സംഭവത്തെ ലഘൂകരിക്കാൻ ശ്രമം നടക്കുന്പോഴും സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന മദ്യ ഉത്പാദന കേന്ദ്രത്തിലുണ്ടായ നഷ്ടത്തിന്റെ തോത് ഭീമമാണ്. എട്ടുകോടിയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ടെങ്കിലും നഷ്ടം ഇതിലേറെയുണ്ടായി.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് പുളിക്കീഴിലെ ഗോഡൗണിൽ വൻ അഗ്നിബാധയുണ്ടായത്. ഫാക്ടറിയിൽ മദ്യവുമായി എത്തിയ ലോറിയുടെ ഡ്രൈവർ ആണത്രെ അപകടം ആദ്യം കണ്ടതെന്ന് ഓഫീസ് അധികൃതർ പറഞ്ഞു. സുരക്ഷാ ജീവനക്കാർ ഇതേ സമയത്ത് സ്ഥലത്തുണ്ടായില്ലെന്നതും ദുരൂഹമാണ്. 42000 കെയ്സ് വിവിധ ഇനം മദ്യം ഗോഡൗണിൽഉണ്ടായിരുന്നതായി ഡെപ്യൂട്ടി മാനേജർ അരുൺ വെളിപ്പെടുത്തി. ഇത് പൂർണമായി കത്തി നശിച്ചു.
തീപിടിത്ത ശേഷം ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി. ഗോഡൗണും പരിസരവും പോലീസ് ഏറ്റെടുത്ത് സുരക്ഷാവേലി കെട്ടി. ബിവറേജസ് മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി രാവിലെ തന്നെ സ്ഥലം സന്ദർശിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അടക്കം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവെടുപ്പുകൾ നടത്തി. വൈകുന്നേരം മന്ത്രി എം.ബി. രാജേഷും സ്ഥലത്തെത്തി.
ഇന്ത്യൻ മിലട്ടറി ക്യാമ്പിൽ അടക്കം വിതരണം ചെയ്യുന്ന റം വിഭാഗത്തിലുള്ള ത്രി എക്സ് ബ്രാൻഡ് മദ്യമാണ് പുളിക്കീഴിൽ ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റ് പ്യൂരിഫൈ ചെയ്യുന്ന പ്രവൃത്തിയും മറ്റ് ഉപയോഗങ്ങൾക്കായി രൂപാന്തരപ്പെടുത്തുന്ന ജോലിയും നടക്കുന്നു. ജവാൻ റം ആണ് പുളിക്കീഴിൽ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ഗോഡൗണും ഔട്ട് ലെറ്റും ഷോപ്പും ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന 31000 ചതുര ചതുരശ്ര ഗോഡൗണാണ് പൂർണമായും കത്തി അമർന്നത്.
പകൽ സമയങ്ങളിൽ 200 ഓളം സ്ത്രീകൾ, വിവിധ വാഹനങ്ങളുടെ ഡ്രൈവർമാർ, സ്ഥാപനത്തിലെ മറ്റ് ജോലിക്കാർ ഉൾപ്പെടെ 300 ഓളം ജീവനക്കാരാണ് ഇവിടെ സ്ഥിരമായി ജോലി ചെയ്യുന്നത്. അപകടത്തേ തുടർന്ന് നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
തിരുവല്ല, ചെങ്ങന്നൂർ, തകഴി അഗ്നിശമനസേന യൂണിറ്റുകൾ മണിക്കൂറുകൾ പണിപ്പെട്ടാണ് തീ അണച്ചത്. മദ്യക്കുപ്പികളാണ് ഏറെയും തീപിടിച്ചതെന്നതിനാൽ ഇത് അണയ്ക്കാൻ കഴിഞ്ഞരുന്നില്ല. ഇന്നലെ പകലും തീ പൂർണമായി അണഞ്ഞിരുന്നില്ല.
അന്വേഷണം വേണമെന്ന് കേരള കോൺ -എം
തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്ലെറ്റിലും അതിനോടു ചേർന്നുള്ള സംഭരണശാലയിലുമുണ്ടായ വൻ തീപിടിത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ്. ജവാൻ മദ്യ നിർമാണശാലയുടെ പുളിക്കീഴിലെ സംഭരണശാലയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് പല സംശയങ്ങളും ഉയർന്നിട്ടുണ്ട്.
കുറഞ്ഞ വിലയുള്ള ജവാൻ മദ്യത്തിന്റെ ലഭ്യത തടസപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നതായ സംശയമുൾപ്പെടെ ഉയർന്നിട്ടുണ്ടെന്ന് സജി ചൂണ്ടിക്കാട്ടി. തീപിടിത്തത്തിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന സംശയവും ഉണ്ടെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.