നായഭീതിയിൽ നാട്; പുറത്തിറങ്ങാനാകുന്നില്ല
1560263
Saturday, May 17, 2025 3:42 AM IST
കോഴഞ്ചേരി: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭയാശങ്കയിൽ. മധ്യവേനൽ അവധി കഴിഞ്ഞു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ യാതൊരു നടപടികളും ആലോചനയിൽ ഇല്ല.
തിരുവല്ല - കോഴഞ്ചേരി സംസ്ഥാനപാതയിലും ടൗണുകളിലും നായ്ക്കളുടെ ശല്യംമൂലം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. കാൽനട യാത്രക്കാരും ബസുകൾ കാത്ത് സ്റ്റോപ്പുകളിൽ നിൽക്കുന്നവരും നായ്ക്കളുടെ ഭീഷണി നേരിട്ടുവരുന്നു.
പ്രഭാതസവാരിക്കാർ നായ്ക്കളെ പേടിച്ച് വടിയും കൊണ്ടാണ് പോകുന്നത്. വള്ളംകുളം, ഇരവിപേരൂർ, കുന്പനാട്, പുല്ലാട്, മാരാമൺ, കോഴഞ്ചേരി, തെക്കേമല, ഇലന്തൂർ ജംഗ്ഷനുകളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മിക്ക സ്ഥലങ്ങളിലെയും വെയ്റ്റിംഗ് ഷെഡുകൾ തെരുവുനായ്ക്കൾ കൈയേറിയിരിക്കുകയാണ്.
യാത്രക്കാർ ഭീതിയോടെയാണ് ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്നത്. സ്കൂൾ കുട്ടികൾ കൂടി എത്തുന്നതോടെ നായ്ക്കൾ അക്രമകാരികളായി മാറാൻ സാധ്യതയുണ്ട്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി പരിസരങ്ങളിൽ വരെ നായ്ക്കൾ അലഞ്ഞു തിരിയുന്നുണ്ട്. ബസ് സ്റ്റാൻഡിലും ഇവയുടെ ശല്യമുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ തട്ടുകടകളിൽ നിന്ന്
രാത്രികാലങ്ങളിൽ ജംഗ്ഷനുകളിലും പാതയോരങ്ങളിലും പ്രവർത്തിക്കുന്ന തട്ടുകടകളിലെ ഭക്ഷണാവശിഷ്ടങ്ങളാണ് നായ്ക്കൾക്ക് പ്രധാനമായും ആഹാരമാകുന്നത്. ഇവയുടെ ചുറ്റുവട്ടത്ത് തന്പടിക്കുന്ന നായ്ക്കൾ തട്ടുകടയുടെ പ്രവർത്തനം അവസാനിക്കുന്നതോടെ കൂട്ടമായി എത്തുകയാണ് പതിവ്. പിന്നീട് പാതയോരങ്ങളിലും കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലും വിശ്രമിക്കുകയാണ് പതിവ്.
റോഡിന്റെ ഇരുവശങ്ങളിലെയും മത്സ്യ-മാംസ വ്യാപാരവും നായ്ക്കളുടെ വർധനയ്ക്കു കാരണമാകുന്നു. വൈകുന്നേരങ്ങളിൽ വാഹനങ്ങളിലും അല്ലാതെയുമായി എത്തുന്ന മത്സ്യവ്യാപാരികളുടെ ചുറ്റുവട്ടത്ത് നായ്ക്കൾ തന്പടിക്കാറുണ്ട്.
നായ്ക്കളെ ഭയന്ന് കുട്ടികളെ കളിസ്ഥലങ്ങളിലേക്കു പോലും രക്ഷിതാക്കള്‍ വിടുന്നില്ല. ഗ്രാമീണ കളിക്കളങ്ങളും സ്കൂൾ ഗ്രൗണ്ടുകളുമെല്ലാം നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്. തെരുവുനായ്ക്കൾക്ക് ഭക്ഷണമൊരുക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങളെയും തട്ടുകടകളെയും നിയന്ത്രിച്ചാൽ ഇവയുടെ ശല്യം ഒരു പരിധിവരെ ഒഴിവാക്കാനാകും. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനുള്ള പദ്ധതി നിലച്ചതോടെ ഇവയുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൈമലർത്തുകയാണ്.
വീടുകളിൽ നിന്നു പുറത്തിറങ്ങാനാകുന്നില്ല
രാത്രികാലങ്ങളില്‍ നായ്ക്കളെപ്പേടിച്ച് വീടുകളില്‍നിന്നുപോലും ആള്ക്കാര് പുറത്തിറങ്ങാത്ത സ്ഥിതിയാണുള്ളത്. പ്രധാന പാതകളോടു ചേർന്ന വീടുകളുടെ പരിസരങ്ങളിലേക്കും തെരുവുനായ്ക്കൾ എത്താറുണ്ട്.
വളർത്തുകോഴികളെയും മൃഗങ്ങളെയും ആക്രമിക്കുന്നതും പതിവാണ്. വീടുകളിൽ നിന്ന് ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾ തെരുവോരങ്ങളിൽ ദിനംപ്രതി വർധിച്ചുവരുന്നതായും പറയുന്നു. മുന്തിയ ഇനം നായ്ക്കൾ കൂടുതൽ ആക്രമണകാരികളായി മാറാറുണ്ട്.
മറ്റ് നായ്ക്കൾ ഇവയെ കൂട്ടത്തിൽ കൂട്ടാത്തതിനാൽ ഒറ്റപ്പെട്ടു വരുന്ന ഇത്തരം നായ്ക്കൾ ആളുകളെ ആക്രമിക്കാറുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതി പുനരാരംഭിക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്.