വടശേരിക്കരയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ബന്ധു അടക്കം രണ്ടുപേർ കസ്റ്റഡിയിൽ
1560260
Saturday, May 17, 2025 3:42 AM IST
റാന്നി: വടശേരിക്കരയില്‍ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടശേരിക്കര ആറ്റുകടവ് പേങ്ങാട്ടുപീടികയില്‍ പരേതനായ അലക്സാണ്ടറിന്റെ മകന് ജോബി അലക്സാണ്ടറിനെയാണ് (ബേബി, 40) ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ട് പീടികയില്‍ റെജിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്.
കൈയ്ക്കു ഗുരുതര പരിക്കേറ്റു രക്തംവാര്‍ന്നു നിലയിലായിരുന്നു മൃതദേഹം. ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെജി. സംഭവത്തില്‍ റെജിയെയും റാന്നി പുതുശേരിമല ആഞ്ഞിലിപാറ വിശാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ച വൈകുന്നേരത്തിനും ഇന്നലെ രാവിലെ 6.30 മധ്യേ മരണം സംഭവിച്ചിരിക്കുതെന്നാണ് പ്രാഥമിക നിഗമനം. റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഇവര്‍ ഒരുമിച്ച് റെജിയുടെ വീട്ടിലെത്തി. തുടര്‍ന്ന്, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
ജോബിക്ക് വലതുകൈത്തണ്ടയില്‍ മാരകമായി പരിക്കേല്‍ക്കുകയായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഹാളിലാണ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തന്റെ വീട്ടില്‍ താഴത്തെ നിലയില്‍ ജോബി മരിച്ചു കിടക്കുന്നതായി റെജി തന്നെയാണ് രാവിലെ വടശേരിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീജാമോളെ അറിയിക്കുന്നത്.
വിവരം അറിഞ്ഞെത്തിയ പോലീസ് റെജിയെ കസ്റ്റഡിയിലെടുത്തു. മുമ്പ് നടന്ന ബൈക്കപകടത്തില്‍ റെജിയുടെ ഒരു കാല് ഒടിഞ്ഞതാണ്. അവിവാഹിതനായ റെജി ഒറ്റയ്ക്കാണ് താമസം. സംഭവ സ്ഥലത്തു നിന്നും മണംപിടിച്ച പോലീസ് നായ ഒന്നര കിലോമീറ്റര്‍ ദൂരം എത്തിയാണ് നിന്നത്. റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പോലീസ് ഇന്‍സ്പെക്ടര്‍ ആര്. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൈയ്ക്കേറ്റ വെട്ടേറ്റാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
മരിച്ച ജോബിയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: അൻസു. മക്കൾ: എഡ്വിൻ, എവിലിൻ.