ഭീഷണികളുണ്ടായാലും വനസംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ല; എംഎൽഎയ്ക്കെതിരേ നടപടി വേണമെന്ന് വനപാലക സംഘടന
1550069
Friday, May 16, 2025 3:54 AM IST
കോന്നി: ഭീഷണികളുണ്ടായാലും വന സംരക്ഷണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി. നടുവത്തുമൂഴി റേഞ്ചിൽ പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിൽ, കുളത്തുമൺ ഭാഗത്ത് കൈതത്തോട്ടത്തിന്റെ സംരക്ഷണത്തിനായി നിർമിച്ച സൗരോർജ്ജ വേലിക്ക് പകരമായി ശക്തമായ വൈദ്യുതി നേരിട്ട് കടത്തിവിട്ടതോടെയാണ് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞത്.
അന്വേഷണ ഭാഗമായി സംശയിക്കുന്ന തോട്ടം പരിചരണക്കാരന്റെ സഹായിയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോഴാണ് കെ.യു. ജനീഷ്കുമാർ എംഎൽഎയും മറ്റുചിലരും ചേർന്ന് ഭീഷണിമുഴക്കിയത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൈതച്ചക്ക കൃഷി വ്യാപകമായി നടത്തുന്ന കോന്നി കല്ലേലി അടക്കം ഭാഗങ്ങളിൽ മുൻപെങ്ങുമില്ലാത്തവിധം കാട്ടാനയുടെ സാന്നിധ്യം കൂടുതലാണ്. ഈ സാഹചര്യത്തിൽ കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിന് വനംവകുപ്പ് ജീവനക്കാർ രാപകൽ ഭേദമന്യേ ശ്രമകരമായ ദൗത്യമാണ് ഈ മേഖലയിൽ നടത്തിവരുന്നത്.
മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ ജനവാസ മേഖലയിൽ ഇത്തരം വൈദ്യുതവേലി സ്ഥാപിക്കുന്നത് മൂലം പൊതുജനങ്ങൾക്കും കുട്ടികൾക്കും അപകട സാധ്യത കൂടുതലാണ്.
എണ്ണത്തിൽ കുറവുള്ള ജീവനക്കാർ അർഹതപ്പെട്ട വിശ്രമം പോലും നഷ്ടപ്പെടുത്തി ജോലി ചെയ്തു വരുന്ന സാഹചര്യത്തില് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയ എംഎൽഎയ്ക്കും സംഘത്തിനുമെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിയമസഭ സ്പീക്കർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കു പരാതി നൽകി.
സുരക്ഷിതമായി ജോലി സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും വരും ദിവസങ്ങളിൽ സംഘടന പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.