ചിറ്റാറിലെ മത്തായി ഉദാഹരണം : കൈയിൽ കിട്ടിയാൽ ഇടിച്ചുതകർക്കും, വനപാലകരെ ഭയമെന്ന് മലയോര നിവാസികൾ
1560250
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകളുണ്ടായാൽ ഭീതിയോടെയാണ് മലയോര നിവാസികൾ നോക്കിക്കാണുന്നത്. അബദ്ധവശാൽ തങ്ങളുടെ പുരയിടത്തിൽ ഏതെങ്കിലും മൃഗം ചത്തുവീഴുകയോ പുരയിടത്തിൽ നട്ടുവളർത്തിയ മരം പിഴുതു വീഴുകയോ മുറിച്ചുമാറ്റുകയോ ചെയ്താൽ പിന്നെ വനംവകുപ്പുദ്യോഗസ്ഥരുടെ ക്രൂരതയ്ക്ക് തങ്ങൾ ഇരയാകേണ്ടി വരുമെന്നാണ് ഇവരുടെ ഭയം.
കഴിഞ്ഞദിവസം കോന്നി കുളത്തുമണ്ണിലെ സ്വകാര്യ കൃഷിഭൂമിയിൽ കാട്ടാന ചത്തുവീണ സംഭവത്തെത്തുടർന്ന് വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളെ ഭയത്തോടെയാണ് പ്രദേശവാസികൾ നോക്കിക്കാണുന്നത്. വനംവകുപ്പ് ആരെയെങ്കിലും ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിൽ പിന്നീട് അവരെ കുറ്റം സമ്മതിപ്പിച്ചേ തിരികെ നൽകാറുള്ളൂവെന്ന് ആളുകൾ പറയുന്നു.
ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായിയുടെ ദാരുണ മരണമാണ് മലയോര നിവാസികൾക്ക് ഇപ്പോഴും ഭീതിയായി നിലനിൽക്കുന്നത്. 2020 ജൂലൈ 28നാണ് മത്തായി മരിച്ചത്. വനത്തിനുള്ളിലെ കാമറ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യാനായി വീട്ടിൽ നിന്നും വനപാലകർ വിളിച്ചിറക്കി കൊണ്ടുപോയ മത്തായിയുടെ മൃതദേഹമാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്.
കുടുംബവീടിനോടു ചേർന്ന കിണറ്റിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ചോദ്യം ചെയ്യലിനിടെ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഷ്യം. കിണറ്റിലേക്ക് ചാടിയ ഒരാളെ രക്ഷിക്കാൻ നിൽക്കാതെ രക്ഷപെട്ട ഉദ്യോഗസ്ഥർക്ക് അതു സംബന്ധിച്ചു വിശദീകരണമില്ല. യാതൊരു വിധ രേഖകളുമില്ലാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി മരണമായിട്ടും അതിനെ മൂടിവയ്ക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമവും നടത്തി.
വനത്തോടു ചേർന്ന പ്രദേശങ്ങളിൽ സമാനമായ നിരവധി സംഭവങ്ങൾ ആളുകൾ വനംവകുപ്പിനെതിരേ ആരോപണമായി ഉന്നയിക്കുന്നുണ്ട്. വനംനിയമങ്ങളുടെ മറവിൽ പ്രദേശവാസികളെ പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നതെന്ന് പറയുന്നു.
കർഷകരുടെ പരാതിയിൽ കേസെടുത്തു
സ്വകാര്യ ഭൂമിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ തങ്ങളെ അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വനപാലകര്‍ക്കെതിരേ കര്‍ഷകരുടെ പരാതി. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്റെ പേരില്‍ തങ്ങളെ വനപാലകര്‍ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് ആറു പേർ കൂടല്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്.
പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പരാതി. അന്യായമായി തടങ്കലിൽ വച്ചു പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ കൂടൽ പോലീസ് വനപാലകർക്കെതിരേ ഇന്നലെ കേസെടുത്തു.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാനെത്തിയ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കെതിരേ വനപാലകരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയിലൂടെ വലിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേല്‍ക്കാന്‍ കാരണമായെന്നാരോപിച്ചാണ് ഭൂ ഉടമയെയും സ്ഥലത്തു കൈതക്കൃഷി ജോലി ചെയ്തിരുന്നവരെയും ഫോറസ്റ്റ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കഴിഞ്ഞ പത്തിനാണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കൈതത്തോട്ടത്തിനു സംരക്ഷണമായി സ്ഥാപിച്ച സോളര്‍ വേലിക്കു മുകളിലായാണ് ആനയുടെ ശരീരം കിടന്നിരുന്നത്. വിവരം പുറത്തറിഞ്ഞതോടെ ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കുളത്തുമണ്‍ മണ്ണില്‍ ബൈജുവിന്റെ സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞുനിലയില് കണ്ടെത്തിയത്. അന്ന് ബൈജുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പിന്നാലെയാണ് കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്.